ധാക്ക: ബംഗ്ലാദേശിൽ തന്റെ പുറത്താക്കലിന് പിന്നാലെ അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരാണെന്ന് ഷേഖ് ഹസീന കുറ്റപ്പെടുത്തി.
മുസ്ലിംങ്ങളല്ലാത്തവർക്കെതിരെ വലിയ അതിക്രമം നടക്കുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ജീവനോടെ കത്തിച്ചുകൊല്ലുന്നതുപോലുള്ള സംഭവവികാസങ്ങളുണ്ടാകുന്നു. ഇതായിരുന്നില്ല ബംഗ്ലാദേശിന്റെ ഭൂതകാലം. ഏറെനാൾ ഇങ്ങനെ തുടരാനാവില്ലെന്നും ഹസീന കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമർശം. അതിനിടെ ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി.